Sunday 22 May 2016

53 വാർഷിക സമ്മേളനം

0 comments
നമ്മുടെ സംഘടനയുടെ 53 ആം വാർഷിക സമ്മേളനം ഈ വരുന്ന മെയ് 27, 28, 29 തിയ്യതികളിലായി കൊല്ലത്ത് വെച്ച് നടക്കും. കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ അഭിമാനിക്കാൻ ഏറെ വക നല്കുന്ന മൂഹൂർത്തങ്ങൾ സൃഷ്ടിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യമാറ്റത്തിന് വേണ്ടി മനുഷ്യ മനസ്സുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ആണ് നമ്മൾ ശ്രമിച്ചത്. ഒപ്പം ബദൽ സ്യഷ്ടികളിലൂടെ ജന ങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് ശാസ്ത്രമാസികകളും ശാസ്ത്രപുസ്ത കങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ അമ്പതിനായിരം പേരിലേക്ക് നമ്മുടെ ശാസ്ത്രമാസികകൾ ഇന്ന് എത്തുന്നുണ്ട്. ഇതിൽ കുട്ടികളും വലിയവരും ഉൾപ്പെടും. ഇത് കൂടാതെയാണ് ഒരുവർഷം 2 കോടിയിൽപരം രൂപയുടെ പുസ്തകപചാരണം നടക്കുന്നത്. പുസ്തകങ്ങളുടെയും ആനുകാലീങ്ങളുടെയും എഴുത്ത് മൂതൽ വിതരണം വരെയുള്ള കാര്യങ്ങൾ സന്നദ്ധപ്രവർത്തനങ്ങളിലൂടെയാണ് നടക്കുന്നത്. നമ്മുടെ സാമ്പത്തികസ്വാശ്രയത്തം പുകൾപെറ്റതാണ്. കേരള പരിസ്ഥിതിയെയും കേരളസമൂഹത്തെയും കുറിച്ച് അതിന്റെ ചലനങ്ങളെക്കുറിച്ച് വേവലാതിക ളോടെ ചലനാത്മകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വലിയൊരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നതാണ് കേരളത്തിൽ ശാസ്ത്രസാഹിത്യപരിഷ ത്തിന്റെ പ്രസക്തി.

പരിഷത്തിന്റെ വലിയ നേട്ടമാണ് ഐ.ആർ.ടി. സിയും പി.പി.സിയും. ശാസ്ത്രസാങ്കേതികവിദ്യയുടെ ഗ്രാമീണ പ്രയോഗമാണ് അവിടെ ചെയ്തുകൊണ്ടിരി ക്കുന്നത്. പ്രകൃതിയിൽ വലിയ ആഘാതങ്ങൾ ഏൽപ്പി ക്കാതെതന്നെ ഉയർന്ന ജീവിതഗുണതയുള്ള വികസനം എങ്ങനെ സാധ്യമാക്കാം എന്ന് അന്വേഷണമാണ് ഇത്തരം സ്ഥാപനങ്ങളിലൂടെ പ്രയോഗവൽക്കരിച്ചുകൊ ണ്ടിരിക്കുന്നത്.

വളരെ മോശപ്പെട്ട ജീർണമായ ഒരു സാമൂഹ്യസാഹചര്യത്തിലാണ് ഇപ്പോൾ നാം പ്രവർത്തിച്ചുകൊണ്ടി രിക്കുന്നത്. രാഷ്ടീയരംഗത്തെ മൂല്യബോധത്തിന്റെ തകർച്ച, യുക്തിബോധവും ശാസ്തീയബോധവും കൈമോശം വന്ന അവസ്ഥ, പണാധിപത്യത്തിന്റെ സാർവജനീയത ഒക്കെ കേരളസമൂഹം നേരിടുന്ന പ്രധാനവെല്ലുവിളികളാണ്.

കേരളീയ നവോത്ഥാത്തിന്റെ പിൻതുടർച്ച അവകാശപ്പെടാൻ കഴിയുന്ന അപൂർവം ചിലരിൽ ഉൾപ്പെട്ടവരാണ് നമ്മൾ. അതുകൊണ്ടുതന്നെ നമ്മുടെ ഉത്തരവാദിത്തം വലുതാണ്. സമൂഹത്തിൽ എപ്പോഴും കനലെന്ന പോലെ നീറി നീറി നിൽകേണ്ടവരാണ് നമ്മൾ. ആ നീറ്റൽ ഉള്ളിലെപ്പോഴും ഉണ്ടാവുന്നതുകൊണ്ടാണ് സാക്ഷരത ജനകീയാസൂത്രണം പോലുള്ള വലിയ ജനകീയപരിപാടികളിൽ ചെറുതല്ലാത്ത ഇടപെടലുകൾ നടത്താൻ നമുക്കായത്. അത്തരത്തിൽ ഒരു വർധിത മുന്നേറ്റം കേരളത്തിലുണ്ടാക്കിയെടുക്കാൻ നമുക്ക് കഴിയണം.

നമ്മുടെ പ്രദേശത്തെ വായനശാലകളെ മുഴുവൻ ആ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റു വാൻ കഴിയുമോ? 53 ആം വാർഷികസമ്മേളനത്തിൽ ചർച്ച ചെയ്യേണ്ടത് അത്തരം മുന്നേറ്റത്തെക്കുറിച്ചാണ്. ജനങ്ങളെ അറിവിന്റെയും സംസ്കാരത്തിന്റെയും പട ച്ചട്ട അണിയിക്കാൻ കഴിയുമോ? ക്ഷേത്രങ്ങളെന്ന പോലെ ജനങ്ങൾ കയറിയിറങ്ങുന്ന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റാൻ പറ്റുമോ? പൊതുവിദ്യാഭ്യാസവും പൊതു ഇടങ്ങളും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന ഒരു ലക്ഷം സന്നദ്ധഭടന്മാരെ നമുക്കുണ്ടാക്കാൻ കഴിയുമോ? അതിനുള്ള ആലോചനകളും തയ്യാറെടുപ്പുകളുമാകട്ടെ ഇത്തവണത്തെ നമ്മുടെ വാർഷികസമ്മേളനം.
പാരിഷത്തികാഭിവാദനങ്ങളോടെ 
പി.മുരളീധരൻ 
ജനറൽ സെക്രട്ടറി