Friday 14 September 2018

ചേക്കുട്ടി ഒരെണ്ണം വാങ്ങിയാലോ?

0 comments
പ്രളയബാധിതരെ കൈപിടിച്ച് കരകയറ്റാൻ ഉടലെടുത്ത ഏറ്റവും മനോഹരവും ഗംഭീരവുമായ ആശയവും മുന്നേറ്റവുമേതെന്ന് ചോദിച്ചാ‍ൽ, ഗോപിയു ലക്ഷ്മിയു ചേർന്ന് ആവിഷ്ക്കരിച്ച ‘ചേക്കുട്ടി‘ എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.
.
പ്രളയജലത്തിൽ നശിച്ചില്ലാതായി ഒഴിവാക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലാതെ കൂട്ടിയിട്ടിരുന്ന ചേന്ദമംഗലം കൈത്തറി ഗ്രാമത്തിലെ ചെളിപുരണ്ട തുണിത്തരങ്ങളിൽ നിന്ന് ചേക്കുട്ടി എന്ന ആശയം വികസിപ്പിച്ചെടുത്ത ലക്ഷ്മിക്കും ഗോപിയ്ക്കും അഭിനന്ദനങ്ങൾ !! ആ തുണിത്തരങ്ങൾ അഴുക്ക് കളഞ്ഞ് ബ്ലീച്ച് ചെയ്ത് അണുവിമുക്തമാക്കിയാണ് ചേക്കുട്ടിപ്പാവകളെ ഉണ്ടാക്കുന്നത്.
.
ചേറിനെ അതിജീവിച്ച കുട്ടി.
ചേറിൽ നിന്ന് തുന്നിക്കൂട്ടിയെടുത്ത കുട്ടി.
ചേന്ദമംഗലത്തെ കുട്ടി.
......... അതാണ് ചേക്കുട്ടി
.
25 രൂപയാണ് ഒരു ചേക്കുട്ടിപ്പാവയുടെ വില. 1500 രൂപ വില വരുന്ന ഒരു ചേന്ദമംഗലം കൈത്തറി സാരിയിൽ നിന്ന് 360 ചേക്കുട്ടിപ്പാവകളെയാണ് ഉണ്ടാക്കാൻ പറ്റുന്നത്. എന്നുവെച്ചാൽ 9000 രൂപ ഒരു സാരിയിൽ നിന്ന് സമ്പാദിക്കാനാകുന്നു. ഈ തുക, പ്രളയത്തിൽ മുങ്ങിയ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന്റെ പുനർജീവനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. കേടായ തുണിത്തരങ്ങൾ മാലിന്യക്കൂമ്പാരത്തിലേക്ക് വരുന്നുമില്ല, കിട്ടുമായിരുന്ന തുകയുടെ ആറിരട്ടി സമ്പാദിക്കാനുമാകുന്നു. ഇങ്ങനെയാണ് ചേക്കുട്ടി എന്ന ആശയം മഹത്തരമാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://chekutty.in/ ചേക്കുട്ടിയെ ഓൺലൈൻ വഴി വാങ്ങാനും സൌകര്യമുണ്ട്. https://chekutty.in/product/chekutty/ (ഓൺലൈനിൽ 20 എണ്ണമാണ് മിനിമം ഓർഡർ ക്വാണ്ടിറ്റി)
.
ഓരോ മലയാളിയും ഒരു ചേക്കുട്ടിയെ എങ്കിലും സ്വന്തമാക്കണം. ഒരുപക്ഷേ, നമ്മുടെ ആയുസ്സിൽ ഇനിയൊരിക്കലും നേരിടേണ്ടി വരാൻ സാദ്ധ്യതയില്ലാത്ത ഒരു ചരിത്രസംഭവത്തിന്റെ അടയാളവും ഓർമ്മയും കൂടെയാണ് ചേക്കുട്ടി. നമുക്കത് വാഹനങ്ങളിൽ തൂക്കാം, ബാഗുകളിൽ തൂക്കാം, ഷോകേസുകളുടെ ഭാഗമാക്കാം.
#KeralaFloods2018